In the name of Allah, the Most Gracious, the Most Merciful

വീടുവിട്ടിറങ്ങിയ ആദം പപ്പന്റെ കരങ്ങളിൽ ഭദ്രം

എഴുത്തിന്റെ ഇടവേളയ്ക്ക് അരപ്പതിറ്റാണ്ടായി. പ്രവാസത്തിലെ കുടുംബജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ചുരുങ്ങിയപ്പോഴായിരുന്നു അത്. പഠനവും വായനയും ഇല്ലാതായ കാലം. മഴയിലേക്കുണർന്ന ഇന്നത്തെ ദിവസം- കുടുംബജീവിതത്തിന്റെ മായാത്ത ഏടായി മാറി.

വെള്ളം കയറുന്ന റോഡുകളും പണിമുടക്കുന്ന വാഹനങ്ങളും മുൻകണ്ട് എട്ടുവയസ്സുകാരനായ മകന് സ്കൂൾപഠനം ഓൺലൈനാണെന്ന് അതിരാവിലെ എസ്.എം.എസ് ലഭിച്ചു. ആൾ നല്ല ഉറക്കത്തിലാണ്. രണ്ടര വയസ്സുള്ള ഇളയവൻ ആദമും നല്ല ഉറക്കം. ഭാര്യയെ ജോലിക്കുവിടാൻ മെട്രോ സ്റ്റേഷനിലേക്കു വണ്ടിയെടുത്തു. റോഡ് നിറയെ വെള്ളക്കെട്ടുകൾ. പലയിടത്തും ബ്ലോക്ക്. കുറുക്കുവഴിയിലൂടെ മെട്രോക്കടുത്ത് അവളെ ഇറക്കി തിരിച്ചുവീട്ടിലേക്ക്. 

10 മിനിട്ടെടുത്തിട്ടുണ്ടാവും; തിരിച്ചെത്തുന്പോൾ താമസിക്കുന്ന വില്ലയുടെ ഗേറ്റിനുമുന്നിൽ വണ്ടി പാർക് ചെയ്യുന്നിടത്ത് ഒരാൾ കുടചൂടി നിൽക്കുന്നു. കൂടെ, അയൽവാസിയായ പഞ്ചാബിയുമുണ്ട്. കുട ചുടിനിന്ന ആളെന്നോട് ചോദിച്ചു. 

-ഇത് നിങ്ങളുടെ കുട്ടിയാണോ?-

ആകെ അന്ധാളിച്ചു നോക്കിയപ്പോൾ ഇളയ മകനാണ് അദ്ദേഹത്തിന്റെ കൈകളിൽ. മകനെ അവിടെ കാണാൻ യാതൊരു സാധ്യതയുമില്ലാതിരുന്നതുകൊണ്ട് ആകെ തരിച്ചുപോയി.

അടുത്ത വില്ലയിൽ താമസിക്കുന്ന പപ്പൻ ബിനോയിയെന്ന അദ്ദേഹം, നാലാംക്ലാസുകാരനടങ്ങുന്ന കുടുംബത്തോടൊപ്പം മഴയും വെള്ളക്കെട്ടും കാണാനിറങ്ങിയതാണ്. വില്ലയ്ക്കുമുന്നിൽനിന്ന് ‘ബാബ’യെ വിളിച്ച് ഉച്ചത്തിൽ കരയുന്ന എന്റെ മകന്റെ ശബ്ദംകേട്ട് അദ്ദേഹം ഓടിയെത്തി അവനെ വാരിയെടുക്കുകയായിരുന്നു. ഉറക്കമുണർന്ന്, അപ്പോഴും ഉറങ്ങുകയായിരുന്ന ജ്യേഷ്ഠനെ വിളിക്കാതെ, കസേരനീക്കിവച്ച് ചുമരിൽത്തൂക്കിയ താക്കോലെടുത്ത് മുറിയുടെ വാതിലും പുറത്ത് വില്ലയുടെ മരവാതിലും തുറന്ന്, ഒറ്റയ്ക്ക് പുറത്തിറങ്ങിയതായിണ് ഇളയ മകൻ.

നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവത്തിന്റെ അദൃശ്യസഹായമെത്തിയതെങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം. ജീവിതത്തിൽ നമ്മുടെ നിയന്ത്രണത്തിലല്ലാതെ നടക്കുന്ന കാര്യങ്ങളിൽ നാമെത്രത്തോളം ജാഗ്രത പാലിക്കണമെന്ന് ബോധ്യപ്പെടുത്തിയ ദിനം. 

My son Adam Mohamed with Mr. Pappan Binoy


ചെറുപ്രായത്തിലുള്ള കുട്ടികളെ മുതിർന്നവരില്ലാതെ വീട്ടിൽനിർത്തിപ്പോയാൽ സംഭവിക്കാവുന്ന അപകടമോർത്ത് ഇനിയാർക്കും ഈയനുഭവമുണ്ടാവരുതേയെന്നാണ് പ്രാർത്ഥന. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അത്യധികം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തിച്ച അനുഭവം പങ്കുവെക്കേണ്ടതില്ലെന്നു തന്നെയാണ് പലകുറി കരുതിയത്. എന്നാൽ, ഓരോ നിമിഷവും കണ്മുന്നിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിലാപങ്ങളോർത്ത് കുറിച്ചതാണിത്.

പ്രാർത്ഥനകൾ


Popular Posts