In the name of Allah, the Most Gracious, the Most Merciful

നായ നക്കിയ നഗരജീവിതം

പൊതുവെ നായകളോട്‌ അലര്‍ജിയാണ്‌. ചെറിയ പേടിയുമുണ്ട്‌. തലസ്ഥാനനഗരത്തില്‍ രാത്രിയായാല്‍ റോഡില്‍ മനുഷ്യരേക്കാളേറെ നായകളെയാണു കാണുക. താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്‌ ചുറ്റുവട്ടത്തെ വീടുകളിലൊക്കെ ജഗജില്ലികളായ നായകളുണ്ട്‌. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പണച്ചാക്കുകളുമായ യജമാനന്മാരുടെ സ്‌നേഹനിധികളായ ഭൃത്യന്മാരാണവര്‍. വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്‌ത ഈ ക്രീമിലെയര്‍ വിഭാഗത്തിന്‌ രാത്രിത്തെരുവുകളിലെ യജമാനന്മാരായ പീക്കിരി- ചാവാലിപ്പട്ടികളെ കണ്ണെടുത്താല്‍ കണ്ടുകൂടാ. രാത്രിയായാല്‍ ഡോബര്‍മാനും ജര്‍മ്മന്‍ ഷെപ്പേഡും വീടുകളുടെ നിയന്ത്രണമേറ്റെടുത്ത്‌ മുറ്റത്തുവിഹരിക്കും. അവധിദിനങ്ങളില്‍ ഇവയുടെ ഡ്യൂട്ടി രാവിലെ എട്ടൊമ്പതു വരെ നീളും.

കഴിഞ്ഞദിവസം രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നിറങ്ങി സ്റ്റാച്യൂവിലേക്ക്‌ നടക്കുകയായിരുന്നു. ചെറുറോഡിന്റെ വളവുതിരിഞ്ഞയുടന്‍ ലക്ഷണമൊത്തൊരു വിദേശിശുനകന്‍ തൊട്ടുമുന്നില്‍. അടുത്ത വീട്ടുകാര്‍ ഗേറ്റടയ്‌ക്കാന്‍ മറന്നതാണ്‌. അരജീവന്‍ പോയി. ബാക്കി ജീവനുമായി ശ്വാസംപിടിച്ച്‌ പഞ്ചപുച്ഛമടക്കി, കറുത്തുതടിച്ച നായയ്‌ക്കു മുന്നില്‍നിന്നു. രാത്രിജോലി കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ അടുത്ത വീട്ടുമുറ്റത്ത്‌ ഗേറ്റിനപ്പുറംനിന്ന്‌ കുരച്ചുപേടിപ്പിക്കാറുള്ള അതേയാള്‍! അനങ്ങിയില്ല. വിലകൂടിയ പട്ടിബിസ്‌ക്കറ്റും പാലും ഇറച്ചിയും നേരംതെറ്റാതെ അകത്താക്കി തടിയനായ 'വിദേശി', അത്രതന്നെ ആരോഗ്യമില്ലാത്ത സ്വദേശിയുവാവിനെ വെറുതെവിടുമോ-- ആള്‍ കുരച്ചുകൊണ്ട്‌ എന്നെ ചുറ്റിയടിച്ചൊരു നടത്തംതുടങ്ങി. അത്തറുപൂശിയ കറുത്ത പാന്റില്‍ മൂക്കുരസി മണംപിടിച്ചു. നാക്കുനീട്ടി നക്കിയോയെന്നൊരു സംശയം. ഹൃദയമിടിപ്പുകൂടി. ഒടുവില്‍ ധൈര്യംസംഭരിച്ച്‌ കൈയിലിരുന്ന പുസ്‌തകമെടുത്ത്‌ മെല്ലെത്തലോടി അതിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു.

'നായിന്റെ മോന്‍ പോവുന്നില്ലല്ലോ റബ്ബേ'- പ്രാര്‍ഥനയ്‌ക്ക്‌ ഫലമെന്നോണം നായയുടമയുടെ വീട്ടിലെ പണിക്കാരനെത്തി അതിനെ വഴക്കുപറഞ്ഞ്‌ കൂട്ടിക്കൊണ്ടുപോയി. ഞാനിത്രയും ധൈര്യവാനാണല്ലോയെന്നെനിക്ക്‌ തോന്നിയത്‌ അപ്പോഴാണ്‌.

(വിളപ്പില്‍ശാല ഗ്രാമത്തിന്റെ വിശുദ്ധിയെ തിരുവനന്തപുരം നഗരം മാലിന്യത്താല്‍ അശുദ്ധമാക്കിയ കാലംമാറി. ഇപ്പോള്‍ നഗരം അതിന്റെ തനിനിറം കാണിച്ചുതുടങ്ങി. നായശല്യം ഏറിയതിന്‌ കാരണം നഗരവും മാലിന്യവും തന്നെ. നായ നക്കാനിനിയും എത്ര ജീവിതങ്ങള്‍ ബാക്കി).

6 comments

  1. ധൈര്യം ഇല്ലെന്നു വെറുതെ തോന്നുന്നതാണ്.

    ReplyDelete
  2. നായ നക്കാനിനിയും എത്ര ജീവിതങ്ങള്‍ ബാക്കി

    ReplyDelete
  3. വിദേശിയായ നായക്ക് കിട്ടുന്ന പരിഗണന
    പോലും സ്വദേശിയായ ഒരു യുവാവിന് കിട്ടുന്നില്ലല്ലോ അല്ലേ ഭായ്.

    ഇവിടെയൊക്കെ സ്വന്തം മക്കളെ
    വളർത്തുന്നപോലേയാണ് സ്വദേശീകൾ നായ-പട്ടി-പൂച്ച എന്നിവയെയൊക്കെ വളർത്തുന്നത്
    ഞങ്ങൾ വിദേശികളെയൊക്കെ ,നമ്മൾ തെരുവുനായ്ക്കളെ കാണുന്ന കണ്ണുകൊണ്ടും..!

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പാവം നായ പേടിച്ചുകാണുമോ എന്നാണെനിക്ക് സംശയം. മനേകാ ഗാന്ധിയൊന്നും വായിക്കേണ്ട ഈ പോസ്റ്റ്. മൃഗദ്രോഹം എന്ന് പറഞ്ഞ് കേസ് വരാന്‍ ചാന്‍സുണ്ട്.

    ReplyDelete
  6. വിളപ്പില്‍ ശാലയിലും പരിസരത്തും കാണുന്നതും... ഇതേ നാട്ടു .... അല്ലെ..?

    ReplyDelete

Write for a change!

Popular Posts