In the name of Allah, the Most Gracious, the Most Merciful

സ്വന്തം ലേഖികമാരുടെ ആശ; ആശങ്ക

നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്‌റ്റേറ്റ് ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് കുറെയധികം വനിതാമാധ്യമപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നു. ശ്രീ. ആര്‍ വി ജി മേനോനും മനോജ് പുതിയവിളച്ചേട്ടനുമൊപ്പം ഈയുള്ളവനും കൗതുകത്തിന് പെണ്‍കൂട്ടായ്മയ്ക്കിടയിലിരുന്നു. തങ്ങള്‍ നേരിടുന്ന കുറെയധികം വിഷമതകളും പ്രശ്‌നങ്ങളും ഏറ്റുപറഞ്ഞ് പത്തുതൊണ്ണൂറ് പെണ്‍പുലികള്‍ തൊഴിലും വീടും വിട്ട് ഒന്നിച്ചത് അപൂര്‍വാനുഭവമായിരുന്നു.

പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക-മാരുടെയും നേതൃത്വത്തില്‍ തട്ടിക്കൂട്ടിയ സംഘടനയുടെ പരിപാടിക്ക് തൊഴിലിടങ്ങളില്‍ പേടിച്ചുജോലിചെയ്യുന്ന സഹപ്രവര്‍ത്തകരെത്തിയില്ലെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. സിനിമാനടിമാരെപ്പോലെ കല്യാണം കഴിഞ്ഞാലുടന്‍ തൊഴില്‍രംഗം വിടുന്നവരാണു വനിതാമാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗവുമെന്ന് ചിലര്‍ വിലയിരുത്തി. മാധ്യമപ്രവര്‍ത്തകകളാവുന്നതിന് നേരിട്ടതും നേരിടുന്നതുമായ പ്രശ്‌നങ്ങളൊക്കെ വിശദമായി ചര്‍ച്ചചെയ്തു ആ പെണ്‍കൂട്ടായ്മ. ഏഷ്യാനെറ്റില്‍ കണ്ടുപരിചയമുള്ള സിന്ധു സൂര്യകുമാറും ആരതിയും ശ്രീജയുമൊക്കെ ധീരമായ അഭിപ്രായം പങ്കുവച്ചു. കൂടുതല്‍ പെണ്ണുങ്ങളും മാധ്യമരംഗം വിടുന്നത് മേഖലയില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ കൊണ്ടുതന്നെയാണെന്ന് പലരും ചൂണ്ടിക്കാട്ടി. വനിതകള്‍ക്കു പൊതുവെ വാര്‍ത്താ ഉറവിടങ്ങളില്‍ നിന്നു നല്ല പരിഗണനയാണു കിട്ടുന്നത്. രാഷ്ട്രീയപ്രവര്‍ത്തകരും മന്ത്രിമാരും പെണ്‍പത്രപ്രവര്‍ത്തകരെ അംഗീകരിക്കാന്‍ മടിക്കാറില്ല. എന്നാല്‍, ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും തങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായി പലരും വെളിപ്പെടുത്തി.

ദൂരദര്‍ശന്‍ വാര്‍ത്താവതരികയായിരുന്ന ശ്രീമതി ഹേമ മുതല്‍ ന്യൂസ് എഡിറ്ററും കഥാകാരിയുമായ കെ എ ബീന വരെ വാര്‍ത്തയെഴുത്തുകാരികളുടെ വേദന പങ്കുവച്ചു. കഴിവുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഈ രംഗത്തു പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടേണ്ടതില്ലെന്നാണ് ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിന്റെ പക്ഷം. സ്വന്തം കഴിവും ധൈര്യവും തിരിച്ചറിഞ്ഞ വനിതകള്‍ക്ക് നല്ല മാധ്യമപ്രവര്‍ത്തകകളാവാന്‍ ദൃശ്യമാധ്യമങ്ങളില്‍ അവസരങ്ങളേറെയുണ്ടെന്നതിനു താന്‍തന്നെ തെളിവാണെന്ന് സിന്ധു തുടര്‍ന്നു. വനിതാമാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പത്രപ്രവര്‍ത്തക യൂനിയന്‍ പോരെന്നുപറഞ്ഞു ചിലര്‍. പെണ്ണുങ്ങളില്‍ പലരും പരസ്പരം കുശുമ്പുകാണിച്ച് പാരവയ്ക്കുന്നവരാണെന്ന സത്യനാദവും വായുവില്‍ മുഴങ്ങി.

ഇതിനിടെ, തെഹല്‍ക്കയിലൂടെ ധീരമായ മാധ്യമപ്രവര്‍ത്തനം കാഴ്‌ചവച്ച്‌ ഒടുവില്‍ ഭരണകൂടത്തിന്റെ ശത്രുതയ്‌ക്കിരയായി കോടതി കയറിയിറങ്ങേണ്ടിവന്ന ഒരുമലയാളി മാധ്യമപ്രവര്‍ത്തക ഇവിടെ ജീവിച്ചിരിപ്പുള്ളതോര്‍ത്തു- ഷാഹിനാ നഫീസ. സഹജീവികളില്‍നിന്നുപോലും ഒറ്റപ്പെട്ടുപോയ ഷാഹിനയെന്ന ചുണക്കുട്ടിയെപ്പറ്റി പെണ്‍കൂട്ടായ്‌മ ഗുരുതരമായ മൗനംപൂണ്ടു. മുസ്‌ലിംലീഗുകാരുടെ മര്‍ദ്ദനമേറ്റ വി എം ദീപയെ സ്‌മരിച്ചപ്പോള്‍ ഷാഹിനയെ പരാമര്‍ശിച്ചതുപോലുമില്ല. പെണ്ണുങ്ങള്‍ ന്യൂനപക്ഷം, പെണ്ണുങ്ങളിലെ ചില മാധ്യമപ്രവര്‍ത്തകരും അങ്ങനെത്തന്നെ. :( 

കാച്ച്‌വേഡ്: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയില്‍ അധ്യക്ഷപ്രസംഗം നിര്‍വഹിക്കവെ, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ പറഞ്ഞത് പത്രപ്രവര്‍ത്തക യൂനിയന്റെ മുഖപ്പത്രം പോലും പെണ്ണുങ്ങളെ അവഗണിച്ചെന്നാണ്. അതിന്റെ പേര് 'പത്രപ്രവര്‍ത്തകന്‍' എന്നാണ്. ഇനി നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ 'പത്രപ്രവര്‍ത്തക' എന്ന മുഖപ്പത്രം തുടങ്ങുമായിരിക്കും!!

5 comments

  1. Well reported.

    ഷാഹിനയെപ്പറ്റിയൊന്നും ആരും പരാമര്‍ശിച്ചുകാണുകയില്ലല്ലോ അല്ലേ..!!

    ReplyDelete
  2. They don't even remember her (as if they don't know her)!


    Thanks, Ajithetta!

    ReplyDelete
  3. ഷാഹിനയേയും ദീപയേയും ഓർക്കാതെ ഇവരെങ്ങനെ മുന്നോട്ട് പോകും? നന്നായി സ്വലാഹ്!

    ReplyDelete
  4. പത്രപ്രവര്‍ത്തക എന്ന് പറയുമ്പോള്‍ സാധാരണ ജനത്തിന്റെ മുന്നില്‍ വരുന്ന ആദ്യമുഖം ഷാഹിനയുടെ തന്നെ. ഇത്തരം ഒരു കൂടിച്ചേരലില്‍ അവരെ (ഷാഹിന,ദീപ) മറന്നുപോയി എന്ന് പറഞ്ഞൊഴിഞ്ഞാല്‍ ഈ കൂടിച്ചേരലിന്റെ പ്രസക്തി പിന്നെ എന്താ?
    നന്നായി സ്വലാഹ്.

    ReplyDelete
  5. നന്നായിരിക്കുന്നു സലാഹ്
    ആശംസകള്‍

    ReplyDelete

Write for a change!

Popular Posts