ദേശസ്നേഹിയുടെ മതവും ചർച്ചയിൽവന്നുകൊണ്ടിരിക്കുന്നു. എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരന്മാരുമൊക്കെ തരംപോലെ തനിനിറം കാട്ടുന്ന വേളയിലാണ് പഴയൊരനുഭവം ഓർമ്മയിലെത്തുന്നത്.
പ്രീഡിഗ്രി കഴിഞ്ഞ് വർത്തമാനമെന്ന പേരിൽ ദിനപ്പത്രം പുറത്തിറങ്ങും മുന്പേ മാസികയ്ക്കായി എൻ.ആർ.ഐ രജ്സ്ട്രഷന് അപേക്ഷിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറേറ്റിൽ എ.ഡി.എമ്മിനെ കാണേണ്ടിവന്നു. അയാളുടെ പേരോർമ്മയില്ല (എന്തായാലും മാപ്പിളയായിരുന്നില്ല). അപേക്ഷാ-കടലാസുകളൊക്കെ നോക്കി അദ്ദേഹം എന്നോടു പറഞ്ഞു.
''പേര് മുഹമ്മദ് സലാഹുദ്ദീൻ അയൂബി എന്നാണല്ലേ, എന്താണീ അയൂബി, തീവ്രവാദപ്രസ്ഥാനങ്ങളുമായൊന്നും ബന്ധമില്ലല്ലോ. രാജ്യദ്രോഹപ്രവർത്തനങ്ങളിലൊന്നും ഏർപ്പെടരുത് കെട്ടോ. അപേക്ഷയിൽ ഞാനൊപ്പിടാം.''
വായന തുടങ്ങുന്ന കാലമായതിനാൽ കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും വരികൾ മനസ്സിലുടക്കിയിരുന്നു. അപേക്ഷയെക്കുറിച്ച് പിന്നീടൊരു വിവരവുമുണ്ടായില്ല. ഞാനതു മറന്നു. അവതാരികാപതിപ്പായി ഇറക്കിയ മാഗസിനിൽ ഈയനുഭവവും അച്ചടിച്ച് സമാധാനം കണ്ടെത്തി.
വർഷങ്ങൾ കഴിഞ്ഞ്, ഭരണകൂടവും പോലിസും മാധ്യമങ്ങളും സംഘപരിവാര- അനുകൂലികളുമെല്ലാം രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് വിതരണത്തിന് ഇറങ്ങിയിരിക്കെ, എ.ഡി.എമ്മിന്റെ വാക്കുകൾ വീണ്ടും മനസ്സിലെത്തുന്നു.
ഫാഷിസത്തിന്റെ നിറം അന്നും ഇന്നും ഒന്നുതന്നെ. ന്യൂനപക്ഷമായതിന്റെ പേരിൽ പലയിടങ്ങളിലും അവസരം നഷ്ടപ്പെട്ടു പോയവരുടെ കണക്ക് പുറത്താവുന്പോഴാണ് അഭിനവ ഹിറ്റ് ലർമാരും ആര്യന്മാരും വിറളിപിടിക്കുന്നത്.
വാസ്തവം:- രാജ്യസ്നേഹത്തിന് അതിരും ആകാശവും നിശ്ചയിച്ച്, അഭിപ്രായസ്വാതന്ത്ര്യത്തിനു ലക്ഷ്മണരേഖയും വരച്ച് എല്ലാ വിഭാഗത്തിലുമുള്ള ഭീകരവാദികൾക്ക് പരസ്യമായി സഹായമെത്തിക്കുകയാണ് ഫാഷിസം.

രാജ്യസ്നേഹത്തിന് അതിരും ആകാശവും
ReplyDeleteനിശ്ചയിച്ച്, അഭിപ്രായസ്വാതന്ത്ര്യത്തിനു ലക്ഷ്മണരേഖയും
വരച്ച് എല്ലാ വിഭാഗത്തിലുമുള്ള ഭീകരവാദികൾക്ക് പരസ്യമായി
സഹായമെത്തിക്കുകയാണ് ഫാഷിസം.