In the name of Allah, the Most Gracious, the Most Merciful

വീടുവിട്ടിറങ്ങിയ ആദം പപ്പന്റെ കരങ്ങളിൽ ഭദ്രം

എഴുത്തിന്റെ ഇടവേളയ്ക്ക് അരപ്പതിറ്റാണ്ടായി. പ്രവാസത്തിലെ കുടുംബജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ചുരുങ്ങിയപ്പോഴായിരുന്നു അത്. പഠനവും വായനയും ഇല്ലാതായ കാലം. മഴയിലേക്കുണർന്ന ഇന്നത്തെ ദിവസം- കുടുംബജീവിതത്തിന്റെ മായാത്ത ഏടായി മാറി.

വെള്ളം കയറുന്ന റോഡുകളും പണിമുടക്കുന്ന വാഹനങ്ങളും മുൻകണ്ട് എട്ടുവയസ്സുകാരനായ മകന് സ്കൂൾപഠനം ഓൺലൈനാണെന്ന് അതിരാവിലെ എസ്.എം.എസ് ലഭിച്ചു. ആൾ നല്ല ഉറക്കത്തിലാണ്. രണ്ടര വയസ്സുള്ള ഇളയവൻ ആദമും നല്ല ഉറക്കം. ഭാര്യയെ ജോലിക്കുവിടാൻ മെട്രോ സ്റ്റേഷനിലേക്കു വണ്ടിയെടുത്തു. റോഡ് നിറയെ വെള്ളക്കെട്ടുകൾ. പലയിടത്തും ബ്ലോക്ക്. കുറുക്കുവഴിയിലൂടെ മെട്രോക്കടുത്ത് അവളെ ഇറക്കി തിരിച്ചുവീട്ടിലേക്ക്. 

10 മിനിട്ടെടുത്തിട്ടുണ്ടാവും; തിരിച്ചെത്തുന്പോൾ താമസിക്കുന്ന വില്ലയുടെ ഗേറ്റിനുമുന്നിൽ വണ്ടി പാർക് ചെയ്യുന്നിടത്ത് ഒരാൾ കുടചൂടി നിൽക്കുന്നു. കൂടെ, അയൽവാസിയായ പഞ്ചാബിയുമുണ്ട്. കുട ചുടിനിന്ന ആളെന്നോട് ചോദിച്ചു. 

-ഇത് നിങ്ങളുടെ കുട്ടിയാണോ?-

ആകെ അന്ധാളിച്ചു നോക്കിയപ്പോൾ ഇളയ മകനാണ് അദ്ദേഹത്തിന്റെ കൈകളിൽ. മകനെ അവിടെ കാണാൻ യാതൊരു സാധ്യതയുമില്ലാതിരുന്നതുകൊണ്ട് ആകെ തരിച്ചുപോയി.

അടുത്ത വില്ലയിൽ താമസിക്കുന്ന പപ്പൻ ബിനോയിയെന്ന അദ്ദേഹം, നാലാംക്ലാസുകാരനടങ്ങുന്ന കുടുംബത്തോടൊപ്പം മഴയും വെള്ളക്കെട്ടും കാണാനിറങ്ങിയതാണ്. വില്ലയ്ക്കുമുന്നിൽനിന്ന് ‘ബാബ’യെ വിളിച്ച് ഉച്ചത്തിൽ കരയുന്ന എന്റെ മകന്റെ ശബ്ദംകേട്ട് അദ്ദേഹം ഓടിയെത്തി അവനെ വാരിയെടുക്കുകയായിരുന്നു. ഉറക്കമുണർന്ന്, അപ്പോഴും ഉറങ്ങുകയായിരുന്ന ജ്യേഷ്ഠനെ വിളിക്കാതെ, കസേരനീക്കിവച്ച് ചുമരിൽത്തൂക്കിയ താക്കോലെടുത്ത് മുറിയുടെ വാതിലും പുറത്ത് വില്ലയുടെ മരവാതിലും തുറന്ന്, ഒറ്റയ്ക്ക് പുറത്തിറങ്ങിയതായിണ് ഇളയ മകൻ.

നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവത്തിന്റെ അദൃശ്യസഹായമെത്തിയതെങ്ങനെയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം. ജീവിതത്തിൽ നമ്മുടെ നിയന്ത്രണത്തിലല്ലാതെ നടക്കുന്ന കാര്യങ്ങളിൽ നാമെത്രത്തോളം ജാഗ്രത പാലിക്കണമെന്ന് ബോധ്യപ്പെടുത്തിയ ദിനം. 

My son Adam Mohamed with Mr. Pappan Binoy


ചെറുപ്രായത്തിലുള്ള കുട്ടികളെ മുതിർന്നവരില്ലാതെ വീട്ടിൽനിർത്തിപ്പോയാൽ സംഭവിക്കാവുന്ന അപകടമോർത്ത് ഇനിയാർക്കും ഈയനുഭവമുണ്ടാവരുതേയെന്നാണ് പ്രാർത്ഥന. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അത്യധികം ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത ഉണർത്തിച്ച അനുഭവം പങ്കുവെക്കേണ്ടതില്ലെന്നു തന്നെയാണ് പലകുറി കരുതിയത്. എന്നാൽ, ഓരോ നിമിഷവും കണ്മുന്നിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും വിലാപങ്ങളോർത്ത് കുറിച്ചതാണിത്.

പ്രാർത്ഥനകൾ


'അമ്മ'യുടെ അവകാശികൾ

സിനിമാതാരങ്ങൾ പ്രതിയും ഇരയുമായ കേസ് മാധ്യമങ്ങൾ നന്നായി വാദിച്ച് പ്രതിയെ പിടികൂടാൻ യത്നിച്ചു. എന്നാൽ, നടൻ പ്രതിയും സാധുപെൺകുട്ടി ഇരയുമായ 'പഴയ' കേസിനെന്തു സംഭവിച്ചെന്നുകൂടി പറയണം. സജീവ രാഷ്ട്രീയക്കാർ ഉൾപ്പെട്ടിരുന്നെങ്കിൽ 'പഴയ' കേസിന്റെ വിധിതന്നെയാവും ഇതിനുമെന്ന് മനസ്സിലാക്കാൻ അരിയാഹാരം കഴിക്കണമെന്നില്ല.


കുറ്റാരോപിതരെ സംരക്ഷിക്കാത്ത ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ഇവിടയുണ്ടോ. മിനിമം മതസംഘടനയെങ്കിലും. ആത്മവിചിന്തനവും സ്വയംവിമർശനവുമെല്ലാം സ്വന്തം വീടകങ്ങളിൽനിന്നു തന്നെ തുടങ്ങാം നമുക്ക്. ആ മാതൃകയാണു Women in Cinema Collective നമുക്ക് കാണിച്ചുതന്നത്. ശരിക്കും ഈയാശ്വാസം അവർക്ക് അവകാശപ്പെട്ടതാണ്; പിന്നെ, പീഡിപ്പിക്കപ്പെടുന്ന ഒരായിരം പെണ്ണുങ്ങൾക്കായി ശബ്ദിച്ച ഒരേയൊരു നടിക്കും....


അവനവനും സ്വന്തക്കാർക്കും വേണ്ടി മാത്രമായിപ്പോവുന്ന സെലക്റ്റീവ് മാധ്യമപ്രവർത്തനത്തിനിടയിൽ, കിടമൽസരവും പ്രതികാരബുദ്ധിയുമാണ് ദിലീപ് കേസിൽ മുഖ്യധാരാ മാധ്യമങ്ങളെ ബഹുദൂരം മുന്നോട്ടുനയിച്ചതെന്ന് അന്തിച്ചർച്ചകൾ പറയുന്നു.

(Women in Cinema Collective, സത്യത്തിൽ 'അമ്മ'യെന്നു വിളിക്കേണ്ടത് നിങ്ങളുടെ സംഘടനയെയാണ്.)

മൌനം അച്ചടിക്കേണ്ട ഭാഷ

എഴുതാതെപോയ അനേകം അനുഭവങ്ങളുണ്ട്. നീണ്ട ഇടവേളകളെപ്പോഴും അവസാനിച്ചുപോയേക്കാവുന്ന ജീവിതത്തെ ഓർമ്മിപ്പിക്കുന്നു. ജീവിതം സൌഭാഗ്യങ്ങളോരാന്നായി കൊണ്ടുവന്നു തരുന്പോഴും നഷ്ടങ്ങളുടെ കണക്കുപുസ്തകവും കനംകൂടി വരുന്നുണ്ട്. എഴുത്ത് എന്നെന്നേക്കുമായി നിലച്ചുപോവുന്നൊരു കാലത്തെക്കുറിച്ച് ചിന്ത വരുന്പോഴൊക്കെ, മാറ്റത്തെക്കുറിച്ച് ചിന്തിക്കും. മനസ്സ് മരവിച്ചുപോവാതെ നിലനിർത്താൻ ദൈനംദിന കാഴ്ചകൾ അനുവദിക്കുന്നില്ല. പ്രതികരണശേഷി എന്നേ നശിച്ചു. ആദർശം പലപ്പോഴായി പണയവുംവച്ചു. ഇനി എന്താണ് എഴുതേണ്ടത്. ആർക്കു വേണ്ടിയാണ് ശബ്ദിക്കേണ്ടത്. സ്വയം മാറ്റത്തിനു വഴിയൊരുക്കാൻ മൌനമാവും നല്ലത്.

മൌനത്തിന്റെ ഭാഷ- അതേത് മഷിയിലാണു അച്ചടിക്കേണ്ടത്?!

അപരിചിതകളെ തേടിവരുന്നവർ

കാറുടമയും പരോപകാരിയുമായ സഹപ്രവർത്തകനു സംഭവിച്ച അമളിയാണ്. പുതിയ വനിതാസ്റ്റാഫിനെ അവരുടെ വില്ലയുടെ അടുത്തുനിന്ന് പിക്കപ്പിനു പോയതാണ്. ഒരു പ്രാവശ്യം  മാത്രമേ അദ്ദേഹം അവരെ കണ്ടിട്ടുള്ളൂ. വൈകീട്ട് ഫോണിൽ റെഡിയായെന്നു വിളിച്ചുപറഞ്ഞതനുസരിച്ച് സഹപ്രവർത്തകൻ വില്ലയുടെ അടുത്തെത്തി. റോഡിനരികെ വണ്ടിനിർത്തി. കയറാൻ ആവശ്യപ്പെട്ടു. 'സ്റ്റാഫിന്' ഒരു മടിപോലെ. അവർ സഹപ്രവർത്തകനോട് എന്തോ അവ്യക്തമായി പറഞ്ഞു.
പെട്ടെന്നു അങ്ങോട്ട് അവരുടെ ഭർത്താവുമെത്തി. എന്താണു കാര്യമെന്നു തിരക്കി. അപ്പോഴാണു സഹപ്രവർത്തകനു ആളുമാറിപ്പോയെന്നു മനസ്സിലായത്. ദുബൈയിൽ വഴിയരികിൽ നിന്ന് ചില സ്ത്രീകൾ അന്യ ആണുങ്ങളുടെ കൂടെ തോന്നുംപോലെ  വണ്ടിയിൽക്കയറി പോവുന്നതിനാൽ വിഷയം അസാധാരണമായി തോന്നില്ലെങ്കിലും സോറി പറഞ്ഞു സഹപ്രവർത്തകൻ വണ്ടി മുന്നോട്ടെടുത്തു. അപ്പോഴതാ, തേടിയ കക്ഷി നടന്നുവരുന്നു. പറ്റിയ അബദ്ധത്തിന്റെ ഗൌരവത്തോടെ ചമ്മലും വിഷമവുമുള്ളിലൊതുക്കി അദ്ദേഹം ഓഫിസിലേക്ക് നീങ്ങി.


പിക്കപ്പ്: ഉദ്ദേശശുദ്ധി നല്ലതായതിനാലാവും, സിനിമയിൽക്കാണുന്ന പോലെ അനിഷ്ടങ്ങളൊന്നും സംഭവിച്ചില്ല. റോഡിൽ കാത്തുനിന്ന ആ സ്ത്രീയെങ്ങാനും വണ്ടിയിൽക്കയറിയിരുന്നെങ്കിൽ 'വഴിതെറ്റി'ച്ചു കൊണ്ടുപോയ ഡ്രൈവർക്കെതിരേ പോലിസ്, കേസ്, കോടതി, ജയിൽ എന്നിങ്ങനെ പുകിലുകളെന്തൊക്കെയുണ്ടാവുമായിരുന്നു എന്നോർത്തിട്ട് എനിക്കുകൂടി ഭയംതോന്നുന്നു!

വിജയത്തിലേക്കുള്ള റോഡ് ടെസ്റ്റ്

എസ്.എസ്.എൽ.സി പരീക്ഷയ്ക്കു ശേഷം ഏറ്റവുമധികം മാനസികസംഘർഷമനുഭവിച്ച ദിനമായിരുന്ന ഇന്നലെ. അതായത് യു.എ.ഇ ഡ്രൈവിങ് ലൈസൻസിനായുള്ള ആർ.ടി.എ റോഡ് ടെസ്റ്റിന്റെ ദിനം. നാട്ടിലെ ലൈസൻസില്ലാതെ ദുബൈയിൽ ഡ്രൈവിങ് പരിശീലനം തുടങ്ങുന്പോഴേ ഇതിലെ പ്രയാസങ്ങൾ മുൻകൂട്ടിക്കണ്ടിരുന്നു. നോളജ് ടെസ്റ്റ് പാസായി നിർബന്ധിത ക്ലാസുകളും കഴിഞ്ഞ് പാർക്കിങ് ടെസ്റ്റിനു പോയി. ആദ്യം തോറ്റു. രണ്ടാമത്തേതിൽ വിജയം. പിന്നീട് അസസ് മെന്റ് ടെസ്റ്റ് രണ്ടെണ്ണം പൊട്ടി. മൂന്നാമതിൽ ജയം. ആത്മവിശ്വാസവുമായി നിർബന്ധിത ഹൈവേ, നൈറ്റ് ക്ലാസുകൾക്കു ശേഷം മെയിൻ റോഡ് ടെസ്റ്റ്. അതായിരുന്നു ഇന്നലെ.

പരാജിതരുടെ ചരിത്രം വായിച്ചു യുദ്ധത്തിനിറങ്ങിയവന്റെ മനസ്സായിരുന്നു എന്റേത്. പന്ത്രണ്ടരയ്ക്കു തുടങ്ങേണ്ട റോഡ് ടെസ്റ്റ് നടന്നത് ഒന്നരമണിക്കൂർ വൈകി. ഒരുകാറിൽ മൂന്നുപേരുമായി റോഡ് ടെസ്റ്റ്. അരമണിക്കൂർകൊണ്ട് എല്ലാം അവസാനിച്ചു. കൂടെയുള്ള രണ്ടുപേരും തോറ്റെന്നു മനസ്സിലായത് ടെസ്റ്റിനു ശേഷം ആദ്യം അവരെ ആർ.ടി.എ കൌണ്ടറിലേക്കു വിളിച്ചപ്പോഴാണ്. പിന്നീട് എന്റെ ഊഴം. ഉദ്യോഗസ്ഥൻ ലേണിങ് ലൈസൻസ് ചോദിച്ചു. അതിൽ റോഡ് പാസ്- സ്റ്റാന്പടിച്ചു കൈയിൽ കിട്ടുന്പോൾ അല്ലാഹുവിനെ ആയിരംതവണ സ്തുതിച്ചു. തോറ്റുപോവുമായിരുന്നു ചരിത്രം വിജയത്തിനു വഴിമാറി.
പരാജയം പലതവണ രുചിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഏറെയൊന്നും നിരാശപ്പെടേണ്ടിവന്നിട്ടില്ല. വിജയം വൈകിയാണെങ്കിലും വന്നെത്തുമെന്ന പ്രതീക്ഷ ഇന്നലെയും തെറ്റിയില്ല. വീഴ്ചകളറിഞ്ഞിട്ടും തിരുത്തുകളില്ലാത്തത് പരാജയങ്ങളാവർത്തിക്കുന്നു. പരാജയം വിജയത്തിലേക്കൊരു ചുവടുവയ്പ്പു മാത്രമാണെന്ന് തിരിച്ചറിയുന്നിടത്ത് വിജയത്തിലേക്കുള്ള പോരാട്ടവീര്യം പതിന്മടങ്ങുവർധിക്കുന്നു. .

ഇൻറർനാഷനൽ ഡ്രൈവിങ് പെർമിറ്റ് കൂടി കൈക്കലാക്കിയതോടെ നാലുനാൾകൊണ്ടെത്തുന്ന ബലിപെരുന്നാളിനു മധുരംകൂടി. അൽഹംദുലില്ലാഹ്! അല്ലാഹു അക്ബർ


(ചതുരംഗം: തോൽവിയിൽ പാഠം അറിവാകട്ടെ, വിജയത്തിൽ അറിവ് അഹങ്കാരമാവാതിരിക്കട്ടെ, സമനിലയിൽ മനസ്സ് ആശ്വാസം തൂകട്ടെ)

അഭിഭാഷകന്റെ ഡയറി തന്നെ മാധ്യമപ്രവർത്തകനും


''തിരുവനന്തപുരം വിട്ട് എങ്ങോട്ടുമില്ല അനിയാ. വയസ്സായ അച്ഛനെയും അമ്മയെയും നോക്കേണ്ട ചുമതല വീട്ടിലെ മൂത്ത പുത്രനായ എനിക്കാണ്. ഭാര്യവീട്ടിലാണെങ്കില്‍ അവിടെയും മൂത്തയാള്‍ എന്റെ ഭാര്യ തന്നെ. ഇത്രയും വളര്‍ത്തി വലുതാക്കിയതല്ലേ. വയസ്സാകുമ്പോള്‍ ഉപേക്ഷിക്കാന്‍ മനസ്സുവരുന്നില്ല. വീട് ഒരു സ്വര്‍ഗ്ഗമാണ്, പട്ടിണി ആണെങ്കിലും.......''


മാധ്യമപ്രവർത്തനം കൊണ്ട് മാത്രം ജീവിക്കാനാവില്ലെന്നു വന്നപ്പോഴാണു വീണ്ടും പ്രവാസത്തിലെത്തിയത്. ഒറ്റ മകനായിട്ടും വയസ്സുകാലത്ത് മാതാപിതാക്കളോടൊത്ത് ജന്മനാട്ടിൽ ജീവിക്കാനാവാത്ത വിഷമം ഉള്ളിലൊതുക്കി കഴിയുന്പോൾ സുഹൃത്തിന്റേതായി വന്ന മെസ്സേജ് (മുകളിൽ) അദ്ദേഹത്തിന്റെ അനുവാദമില്ലാതെയാണു ഇടുന്നത്. ജീവിതം പോരാടാനുള്ളതു തന്നെയാണെന്നു പഠിപ്പിച്ച ആ സുഹൃത്തിന് പടച്ചവൻ സർവൈശ്വര്യങ്ങളും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.


വക്കീൽപ്പണി ഉപേക്ഷിച്ച് മാധ്യമപ്പണിക്കിറങ്ങിയ സഹപാഠികളും സുഹൃത്തുക്കളുമേറെയുണ്ട്. ഒരേസമയം രണ്ടു പണിയുമെടുക്കുന്നവരുമുണ്ട്. പട്ടിണിയായിട്ടും പത്രപ്രവർത്തനവും നാടും വിടാതെ ജീവിക്കുന്ന ഒട്ടേറെ സഖാക്കളെ ഈ വേളയിലോർക്കുന്നു. വർഷങ്ങളോളം കരാർജോലിക്കാരും ഗുമസ്തൻമാരുമായി മേലാപ്പീസർമാരുടെ കീഴിൽ വെയിലും മഴയും തുപ്പലുമേറ്റ് പണിയെടുക്കുന്ന സാധാ മാധ്യമ- അഭിഭാഷകർ നീതിതേടി മുതലാളിമാർക്കും സർക്കാരിനുമെതിരേ സമരരംഗത്തിറങ്ങുന്നതോടെ തീരുന്നതാണ് ഇപ്പോഴത്തെ പുകിലുകൾ.


വാമൊഴി: ട്രെയ്നീ ജേർണലിസ്റ്റും ജൂനിയർ വക്കീലും ഒന്നുതന്നെ. ട്രെയ്നിങ്ങെന്ന് തീരുമെന്ന് ഒരുറപ്പും ലഭിക്കാതെ എത്രനാളും പ്രാക്ടീസ് ചെയ്തോളും.

എം.ബി.ബി.എസിൽ നിന്ന് ചാടിയ സൈനബിയാത്ത

സ്വാതന്ത്ര്യസമരസേനാനി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ
കുടുംബപരന്പരയിൽപ്പെട്ട എഴുപത്തഞ്ചുകാരിയെക്കുറിച്ചാണു ഇനി പറയാനുള്ളത്. അരീക്കോട് മേത്തലങ്ങാടിയാണു ദേശം. അഞ്ചു മക്കളെ പ്രസവിച്ചു. മക്കളും അവർക്കെല്ലാംകൂടി പതിനഞ്ച് പേരക്കുട്ടികളുമടങ്ങുന്ന കുടുംബത്തിലെ 'കാരണവത്തി' (കാരണവരെന്നെഴുതാനാവില്ലല്ലോ). നല്ല ഒരുമയും കൂടുന്പോൾ ഇന്പംകൂടുന്നതുമായ കുടുംബത്തിൽ ആരോഗ്യവതിയായി ജീവിക്കുകയാണവർ.

ആണുങ്ങളേക്കാൾ ചിലപ്പോൾ പെണ്ണുങ്ങൾക്കാവും കാര്യപ്രാപ്തിയും ധൈര്യവും ജീവിതനൈപുണ്യവും. ഇവരെ വൃദ്ധയെന്നു വിളിച്ചാൽ തെറ്റാവും. ദൈവാനുഗ്രഹത്താൽ അത്രയ്ക്കും ഊർജ്വസ്വലയായി കുടുംബത്തെ നയിക്കുന്നവരാണവർ. കുടുംബത്തിൽ ഏതൊരാൾക്കും എന്തസുഖം വന്നാലും ആദ്യം സൈനബിയാത്തയെയാവും വിളിക്കുക. കുടുംബത്തിലൊരു പ്രസവമുണ്ടാവാൽ അതും കൈകാര്യം ചെയുന്നതും അവർതന്നെ. ആണുങ്ങളെല്ലാം പിന്നാക്കംപോവുന്ന ജീവിതപ്രശ്നങ്ങൾ കൈകാര്യം ചെയാനും പേരമക്കളുടെ 'ഉമ്മമ്മ' സദാറെഡി. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കിലും അതൊക്കെ തരണംചെയ്ത് ആൺമക്കൾക്കു ധൈര്യംകൊടുക്കുന്നതും അവർതന്നെ.

പേരമക്കളാരെങ്കിലും പ്രസവമടുത്തുനിൽക്കുകയാണെങ്കിൽ നിർദേശോപദേശങ്ങളുമായി ഉമ്മമ്മ അരികത്തുണ്ടാവും. ഇതിനാൽത്തന്നെ എം.ബി.ബി.എസിൽ നിന്ന് ചാടിയതാണു ഉമ്മമ്മ എന്നാണു അവരെപ്പറ്റി മക്കൾ പറയുന്നത്.  ഒരുപക്ഷേ, ഈ ധൈര്യം ബ്രിട്ടീഷുകാരെയും ഒറ്റുകാരെയും വിറപ്പിച്ച ധീരസമര സേനാനിയുടെ കൊച്ചുമകളായതു കൊണ്ടാവുമെന്നാണു കരുതുന്നത്. സമുദായത്തിലെ അനാചാരങ്ങളെയും അധർമ്മങ്ങളെയും എതിർക്കാനും സമീപ കുടുംബങ്ങളിൽനിന്ന് വിവിധ പ്രശ്നങ്ങളിൽ അഭിപ്രായംതേടി വരുന്നവർക്ക് ഉപദേശം നൽകാനും  ഒരുമടിയും കാണിക്കാറില്ല. 

ബന്ധം: മുത്തശ്ശിക്കഥകൾ പോലും അന്യമായ കാലത്ത് ഇത്തരം കാരണവത്തികളാണു പല കുടുംബങ്ങളുടെയും ആശ്വാസം. എന്റെ പത്നിയുടെ ഉമ്മമ്മ അഥവാ ബാപ്പയുടെ മാതാവാണു സൈനബിയാത്ത. ജീവിതയാത്രയിൽ മിക്ക അണുകുടുംബങ്ങളും വഴിമുട്ടിനിൽക്കുന്പോൾ മാർഗ്ഗഗദീപങ്ങളായി സൈനബിയാത്തമാർ ജ്വലിച്ചുനിൽക്കട്ടെ.

പുതുമ(ഴ)


നിത്യം,
പുതുമയുടെ
മഴപെയ്‌തെങ്കില്‍.
വറ്റിവരണ്ട
നദിയായി
ജീവിതം
മാറാതിരുന്നേനെ.

ദേശസ്നേഹിയുടെ മതം

ദേശസ്നേഹിയുടെ മതവും ചർച്ചയിൽവന്നുകൊണ്ടിരിക്കുന്നു.  എഴുത്തുകാരും മാധ്യമപ്രവർത്തകരും കലാകാരന്മാരുമൊക്കെ തരംപോലെ തനിനിറം കാട്ടുന്ന വേളയിലാണ് പഴയൊരനുഭവം ഓർമ്മയിലെത്തുന്നത്.

പ്രീഡിഗ്രി കഴിഞ്ഞ് വർത്തമാനമെന്ന പേരിൽ ദിനപ്പത്രം പുറത്തിറങ്ങും മുന്പേ മാസികയ്ക്കായി എൻ.ആർ.ഐ രജ്സ്ട്രഷന് അപേക്ഷിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലാ കളക്ടറേറ്റിൽ എ.ഡി.എമ്മിനെ കാണേണ്ടിവന്നു. അയാളുടെ പേരോർമ്മയില്ല (എന്തായാലും മാപ്പിളയായിരുന്നില്ല). അപേക്ഷാ-കടലാസുകളൊക്കെ നോക്കി അദ്ദേഹം എന്നോടു പറഞ്ഞു.

''പേര് മുഹമ്മദ് സലാഹുദ്ദീൻ അയൂബി എന്നാണല്ലേ, എന്താണീ അയൂബി, തീവ്രവാദപ്രസ്ഥാനങ്ങളുമായൊന്നും ബന്ധമില്ലല്ലോ. രാജ്യദ്രോഹപ്രവർത്തനങ്ങളിലൊന്നും ഏർപ്പെടരുത് കെട്ടോ. അപേക്ഷയിൽ ഞാനൊപ്പിടാം.'' 

വായന തുടങ്ങുന്ന കാലമായതിനാൽ കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും വരികൾ മനസ്സിലുടക്കിയിരുന്നു. അപേക്ഷയെക്കുറിച്ച് പിന്നീടൊരു വിവരവുമുണ്ടായില്ല. ഞാനതു മറന്നു.  അവതാരികാപതിപ്പായി ഇറക്കിയ മാഗസിനിൽ ഈയനുഭവവും അച്ചടിച്ച് സമാധാനം കണ്ടെത്തി. 

വർഷങ്ങൾ കഴിഞ്ഞ്, ഭരണകൂടവും പോലിസും മാധ്യമങ്ങളും സംഘപരിവാര- അനുകൂലികളുമെല്ലാം രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റ് വിതരണത്തിന് ഇറങ്ങിയിരിക്കെ, എ.ഡി.എമ്മിന്റെ വാക്കുകൾ വീണ്ടും മനസ്സിലെത്തുന്നു.

ഫാഷിസത്തിന്റെ നിറം അന്നും ഇന്നും ഒന്നുതന്നെ. ന്യൂനപക്ഷമായതിന്റെ പേരിൽ പലയിടങ്ങളിലും അവസരം നഷ്ടപ്പെട്ടു പോയവരുടെ കണക്ക് പുറത്താവുന്പോഴാണ് അഭിനവ ഹിറ്റ് ലർമാരും ആര്യന്മാരും വിറളിപിടിക്കുന്നത്. 

വാസ്തവം:- രാജ്യസ്നേഹത്തിന് അതിരും ആകാശവും നിശ്ചയിച്ച്, അഭിപ്രായസ്വാതന്ത്ര്യത്തിനു ലക്ഷ്മണരേഖയും വരച്ച് എല്ലാ വിഭാഗത്തിലുമുള്ള ഭീകരവാദികൾക്ക് പരസ്യമായി സഹായമെത്തിക്കുകയാണ് ഫാഷിസം.

വിസയുണ്ടോ ഒരു തൊഴിലെടുക്കാൻ?

ബി.സി.എ പാസായ അവന് 21 വയസ്സാണു പ്രായം. പുസ്തകക്കടയിൽവച്ചാണു പരിചയപ്പെട്ടത്. തുച്ഛമായ ശന്പളം. റൂമിനും ഭക്ഷണത്തിനും കൊടുത്തുകഴിയുന്പോൾ പിന്നെ കാര്യമായി ബാക്കിയുണ്ടാവില്ല. അച്ഛൻ റിയാദിൽ ഡ്രൈവറാണ്. അമ്മയും പ്ലസ്ടുക്കാരിയായ പെങ്ങളും നാട്ടിൽ.

മൂന്നുമാസമേ ആയിട്ടുള്ളൂ ദുബായിലെത്തിയിട്ട്. ആദ്യത്തെ ജോലി സെയിൽസിലായിരുന്നു. മിനറൽ വാട്ടർ കന്പനി. ഒരുദിവസം നിശ്ചിതയെണ്ണം ബോട്ടിലിന് ഓർഡറെടുത്തില്ലെങ്കിൽ ശന്പളം കിട്ടില്ലെന്നു വന്നതോടെ ജോലി കളഞ്ഞു. ഒടുവിൽ സി.വി കോപ്പിയെടുക്കാൻ ചെന്ന കടയിൽ ജോലിക്കുകയറി. നിറയെ സ്വപ്നങ്ങളുമായാണു അവൻ ജീവിക്കുന്നത്. തെല്ലുനിരാശയുണ്ടെങ്കിലും മറ്റൊരു നല്ല ജോലി കണ്ടെത്തുംവരെ പിടിച്ചുനിൽക്കണം- അതാണാശ.

ഈ യുവാവിനെപ്പോലെ ദുബായിലെത്തി വിസിറ്റ് വിസാ കാലാവധിയും കഴിഞ്ഞ് മടങ്ങിപ്പോയ അഭ്യസ്തവിദ്യർ അനവധിയുണ്ട്. പിടിച്ചുനിൽക്കാനൊരു ജോലി ലക്ഷ്യംവച്ച് കിട്ടിയ ശന്പളത്തിന് അടിമപ്പണിയെടുക്കാൻ വിധിക്കപ്പെട്ട അനേകം ചിലരിലൊരാൾ. രണ്ടുകൊല്ലത്തെ കാലാവധി കഴിഞ്ഞ് മറ്റൊരു ജോലിക്കു വേണ്ടി ശ്രമിക്കുന്പോൾ പഠിച്ചതും പരിശീലിച്ചതുമൊന്നും ഉപകാരപ്പെടില്ല. പഠനം കഴിഞ്ഞയുടൻ ഗൾഫിലേക്കു കടക്കുന്നവരോർക്കേണ്ട കാര്യം സ്വന്തം കഴിവുതെളിയിക്കാൻ ഒരവസരം നാടിനു നൽകണമെന്നാണ്. പരിചയസന്പത്തുമായി ഗൾഫിലെത്തുന്നവർക്ക് സ്വന്തം തൊഴിൽമേഖല തിരഞ്ഞെടുക്കാൻ പ്രയാസപ്പെടേണ്ടിവരില്ല.

വര: നാട്ടിൽ സർക്കാർ ജോലിക്കു പോലും ശ്രമിക്കാത്ത ഉദ്യോഗാർത്ഥികളിൽ പലരും ഗൾഫിലെത്തി ഗവ. ജോലിക്കു ശ്രമിക്കുന്നുണ്ട്. 

സ്നേഹം പൂക്കളമിട്ട ഓണക്കാലം

ഓണമെത്തുന്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് യു.പി സ്കൂളിൽ പഠിക്കുന്പോൾ അയൽനാട്ടിൽ ബസ്സുകയറിപ്പോയി സദ്യയുണ്ടതാണ്. പ്രമുഖ ക്ലബ്ബ് വകയായിരുന്നു ഓണാഘോഷം. മുസ് ലിമും ഹിന്ദും ക്രിസ്ത്യാനിയും ഇടകലർന്ന് ജീവിക്കുന്ന നാട്ടിൽ ഉപ്പയോടൊപ്പം പോയി ആഘോഷിച്ച ഓണപ്പരിപാടിയിൽ ചിത്രരചനയ്ക്കാണെന്നു തോന്നുന്നു; എനിക്കു സമ്മാനവും കിട്ടി. സംസ് ഥാന റാപ്പിഡ് ചെസ് ചാംപ്യനായ ഉപ്പ ആവേശപൂർവം ചെസ്സിലും പങ്കെടുത്തു. മൽസരത്തിനിടെ തന്നെ, അടുത്തുള്ള ഹിന്ദുസഹോദരന്റെ വീട്ടിൽനിന്ന് ഓണസദ്യയും പായസവും അകത്താക്കി. സദ്യ അത്ര പിടിക്കില്ലെങ്കിലും പായസത്തിന്റെ രുചി ഇന്നും നാവിലൂറിക്കിടക്കുന്നു. ആവേശത്തോടെ പങ്കെടുത്ത ഓരോ മൽസരങ്ങൾക്കും മനുഷ്യത്വത്തിന്റെയും നന്മയുടെയും സൌഹൃദത്തിന്റെയും സുഗന്ധമുണ്ടായിരുന്നു.

അതുപോലൊരു ഓണക്കാലത്താണ് സുഹൃത്തിനൊപ്പം ഹൈസ്കൂൾ പ്രതിനിധിയായി കോട്ടക്കൽ രാജാസിലെ സംസ് ഥാന നാടകക്യാംപിൽ പങ്കെടുത്തത്. ത്രിദിന ക്യാംപിനിടെ, രാജീവേട്ടനെന്ന ഹിന്ദുസഹോദരന്റെ വീട്ടിൽ അന്തിയുറങ്ങിയതും തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പ്രഭാതവന്ദനം കേട്ടുണർന്നതുമെല്ലാം മറന്നിട്ടില്ല. ജീവിതത്തിലാദ്യമായി ഞാൻ പുട്ടിന്റെ കൂടെ പപ്പടംപൊടിച്ച് കഴിച്ചത് അന്നാണ്. ആഘോഷങ്ങളൊക്കെ മനുഷ്യർക്കിടയിൽ സന്തോഷം വിതക്കാനുള്ളതാണെന്നും പങ്കുവയ്ക്കലിന്റേതാണെന്നും മനസ്സിലാക്കിത്തന്ന കാലം. ആ പൂക്കാലങ്ങൾക്കൊക്കെ ആർദ്രമായ സ്നേഹത്തിന്റെ നിറമായിരുന്നു. കാരുണ്യവും സാഹോദര്യവും ചേർന്നാണു പൂക്കളങ്ങളുമിട്ടത്. ആ നല്ലകാലത്തേക്കൊന്നു തിരിഞ്ഞുനടക്കാനായെങ്കിൽ!

വാട്സപ്പ്: യോജിപ്പിന്റെ പൂക്കളങ്ങൾ ചവിട്ടിയരച്ച്, അവിടെ വർഗ്ഗീയതയുടെ വിഷവിത്ത് കുഴിച്ചിടുകയാണു ഫാഷിസം ചെയ്തത്. പരസ്പരം മതിൽക്കെട്ടുകൾ തീർത്ത ഹിന്ദു-മുസ് ലിം നാമധാരികൾ, ആഘോഷക്കാര്യത്തിലൊന്നാവുന്നത് ഒരിടത്തുമാത്രമാണ്; മദ്യസേവയിൽ.

തോളോടുചേർന്ന് മടന്പൊപ്പിച്ച് നിന്നിട്ടും

മഗ് രിബ് നമസ്കരിക്കാനെത്തിയതായിരുന്നു മധ്യവയസ്കനായ അയാൾ. കീറിപ്പറിഞ്ഞ വേഷം. ക്ഷീണിച്ച മുഖവും ഉള്ളിലേക്കുകുഴിഞ്ഞ കണ്ണുകളും. ശരിക്കുമൊരു ഫക്കീർ. വശങ്ങൾ കീറിയ തൊപ്പിയുമുണ്ട്. സുന്നത്തുനമസ്കാരങ്ങളും കഴിഞ്ഞാണ് അയാൾ പള്ളിയിൽ നിന്നിറങ്ങിയത്.

പേര് അതാഉർറഹ്മാൻ. പച്ചക്കറിച്ചന്തയിലാണു ജോലി. തുച്ഛശന്പളം. ബംഗ്ലാദേശിൽ മൂന്നുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം. ഇത്രയും അറിഞ്ഞതുതന്നെ മുറിഹിന്ദിയിലുള്ള ചോദ്യങ്ങളിലൂടെ. നമസ്കാരത്തിലേക്ക് വൃത്തിയും വെടിപ്പോടെയും വരാനാവാതിരുന്നതിന്റെ കാരണങ്ങൾ തേടി കൂടുതലലഞ്ഞില്ല. അത്യാവശ്യം വൃത്തിയും വെടിപ്പുമുള്ള വേഷവുമായി ഇത്തരം ഫക്കീറുമാർക്കൊപ്പം തോളോടുതോൾ ചേർന്ന്, മടന്പൊപ്പിച്ച് പള്ളിയിൽ നമസ്കരിക്കുന്പോൾ ഒരിക്കലെങ്കിലും വിഷമം തോന്നാത്തവരുണ്ടാവില്ല. അശരണനും അഗതിക്കുമായുള്ള പ്രാർത്ഥനയ്ക്കൊപ്പം ഒരുകൈ സഹായമേകുന്നവരും കുറവല്ല. അതാഉർറഹ്മാനെപ്പോലുള്ളവരെ സഹായിക്കാൻ റമദാനിനപ്പുറത്തേക്കുള്ള പ്രയത്നങ്ങളുണ്ടാവണം.


ഓഫ് ദ റെക്കോഡ്: പ്രവാസികൾ പാവപ്പെട്ട ഓരോ നാട്ടുകാരന്റെയും സ്പോൺസറാണ്. കുടുംബവും ജാതിയും മതവുമൊന്നും നോക്കാതെ ഗൾഫിലെ ചിലരെങ്കിലും നാട്ടിലെ പാവപ്പെട്ട കുടുംബങ്ങളുടെ നിത്യവൃത്തിക്കായി സ്ഥിരം സഹായങ്ങളെത്തിക്കുന്നുണ്ട്. ചെറുതായെങ്കിലുമുള്ള സഹായങ്ങൾ മലയാളിക്കൂട്ടങ്ങളിലാണു കൂടുതലെന്നതും ആശ്വാസമേകുന്നു.

ലോകമേ തറവാട്!

ആയിരം നിരപരാധികളെ കൊന്നവനും ഒരാളെ അന്യായമായി കൊന്നവനും ഭൂമിയിൽ കൊടുക്കാവുന്ന പരമാവധി ശിക്ഷ മരണമാണ്. ഇതിലെ അനീതിയും അയുക്തിയും ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാനാവും. ഇവിടെയാണു മരണശേഷം ഒരു ജീവിതമുണ്ടെന്നു വിശ്വസിക്കുന്നവരുടെ ആശ്വാസവും പ്രതീക്ഷയും. ഭൂമിയെ അന്യർക്കു നരകതുല്യമാക്കി സ്വർഗീയജീവിതം നയിച്ചവർക്കും അതിലെ ജീവജാലങ്ങളുടെ അവകാശം ഹനിച്ചവർക്കുമെതിരേ നടപടിയെടുക്കാൻ ഈ ലോകത്തിലാർക്കുമാവില്ലെന്നു ബോധ്യപ്പെടുന്ന നാളുകളാണ് കടന്നുപോവുന്നത്. മതങ്ങളുടെ പേരുപറഞ്ഞ് അധികാരമോഹികളും ആയുധക്കച്ചവടക്കാരും മാധ്യമഭീമന്മാരും മനുഷ്യരെ തമ്മിലടിപ്പിക്കുകയാണ്. അനീതിക്കെതിരേ ശബ്ദമുയരേണ്ടത് നാമോരോരുത്തരിൽ നിന്നുമാണ്. നിസ്സംഗത നിത്യനിശ്ശബ്ദതയിലേക്കുള്ള വഴിയായിത്തീരരുത്.

ഓരോ സമൂഹവും സ്വയം മാറട്ടെ, അന്യന്റെ രക്തവും ധനവും അഭിമാനവും സംരക്ഷിക്കാൻ നിറയെ അനൂപ് സുരേന്ദ്രനാഥുമാരും കുര്യൻ ജോസഫുമാരും മുഹമ്മദുമാരും ഉണരട്ടെ,

#primeminister  നരേന്ദ്രമോഡിയോടൊരു വാക്ക്-  സർക്കാരിന്റെ ലക്ഷ്യം നാടിന്റെ ഉന്നമനമാണെങ്കിൽ, ആത്മാർത്ഥതയോടെ മതവും ജാതിയും ദേശവും നോക്കാതെ നീതിപൂർവകമായ ഭരണം നടത്തൂ, തെളിവുകളോടെ കുറ്റവാളികളെന്നു നീതിപീഠം വിധിച്ചവരെ ശിക്ഷിക്കൂ, നിരപരാധികളെ രക്ഷിക്കൂ, ഭീതിയും ലഹളയും പടർത്താതെ ലോകത്തിനു മുന്നിൽ മാതൃകയാവൂ, ഹിഡൻ അജണ്ടകളില്ലെങ്കിൽ ഞങ്ങളുണ്ടാവും കൂടെ, മരണംവരെ. ഓരോ ഹിന്ദുവിനുമെന്ന പോലെ മുസ്ലിമിനും ക്രിസ്ത്യനും മതമില്ലാത്തവനുമൊക്കെ ഈ ലോകംതന്നെ തറവാട്!

'We, personally, are not important. The fact that We are of different Origin is even less important. We are all human beings, and our nationality is simply an accident of birth.'

Picture: freewallsource.com

ആടുജീവിതങ്ങളിലേക്കൊരു ഡിസേർട്ട് സഫാരി

ദൈവപ്രീതി മാത്രം ലക്ഷ്യമാക്കി പലരിൽനിന്നായി ശേഖരിച്ച അരി, പലവ്യഞ്ജനങ്ങൾ, എണ്ണ, വസ്ത്രം എന്നിവയുമായി ഒരുവിഭാഗമാളുകൾ അബൂദാബി മരുഭൂമിയിലെത്തി. മുന്പും പലകുറി അവരവിടെ വന്നിട്ടുണ്ട്. ഒട്ടകങ്ങളെ മേയ്ക്കുന്ന ബംഗാളി, പാകിസ്താൻ ഇതര നാടുകളിലെ ഇടയന്മാർക്കായാണ് ഇവയെല്ലാം വിതരണത്തിനെത്തിച്ചത്. മൂന്നു വാഹനങ്ങളിലായി അവർ ദിശയറിയാത്ത മരുഭൂമിയുടെ അകത്തേക്കുപോയി. 

സമയം മഗ് രിബ് ബാങ്കിനോടടുക്കുന്നു. കുറെ ഒട്ടകങ്ങളും ടെന്റുകളും താണ്ടി യാത്രാസംഘം ചരക്കുമായി മുന്നോട്ടുനീങ്ങുന്നു. മുന്നിൽ നീങ്ങിയ വാഹനത്തിനു പിറകെ പൊടുന്നനെയാണു ടയോട്ട പിക്കപ്പുമായി ഒരറബിച്ചെക്കൻ പാഞ്ഞെത്തിയത്. ഈ ഏരിയയിലേക്കു കടക്കരുതെന്നും ഇടയൻമാർക്കൊന്നും നൽകരുതെന്നും ഭീഷണി. കാറിനു പിറകെ സഹായംതേടി ഓടിയ ബംഗാളി ഇടയനെ തിരിഞ്ഞുനോക്കാൻ പോലുമാവാതെ, ഗത്യന്തരമില്ലാതെ മടക്കം. അതിനിടെ, അറബിപ്പയ്ഠൻ വിളിച്ചറിയിച്ചതുപ്രകാരം കാറിൽ ചീറിയെത്തിയ പിതാവിന്റെ വക ചോദ്യംചെയ്ഠലും ഭീഷണിയും മരുക്കാടുകടത്തലും. വിഷമത്തോടെ സംഘം മറ്റു വഴികളിലൂടെ യാത്രതുടരുകയും വഴിയിൽക്കണ്ട ഇടയൻമാര്ക്ക് സഹായമെത്തിക്കുകയും ചെയ്തു.

അഗതികള്‍ക്ക് അര്‍ഹതപ്പെട്ട ആഹാരം അവര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിക്കാത്തവര്‍ മതനിഷേധികളാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു (107:1-3). അഗതികളെ വിരട്ടുകയും അവർക്ക് സഹായമെത്തിക്കുന്നവരെ ആട്ടിയകറ്റുകയും ചെയ്ഠുന്ന കൂട്ടങ്ങൾ പെരുകുകയാണ്. അത്രകണ്ട് നാം സ്വാർത്ഥതയിൽ മുങ്ങിപ്പോയിരിക്കുന്നു.


മണൽക്കൂന: മരുഭൂമിക്കുള്ളിലെ മസ്ജിദ് ഇമാം യാത്രാസംഘത്തോടൊപ്പം ആദ്യാവസാനം കൂടെയുണ്ടായിരുന്നു, ഇടയൻമാർക്കു സഹായമെത്തിക്കാൻ. ഇമാമിന്റെ അസൌകര്യങ്ങളുടെ കുടുസ്സുമുറി കണ്ട യാത്രാസംഘം മടങ്ങുന്പോൾ പ്രാർത്ഥനയോടെ, ബംഗാളിയായ അദ്ദേഹത്തോടു പറഞ്ഞു: താങ്കൾക്കായി സ്വർഗ്ഗത്തിലൊരു കൊട്ടാരം തന്നെയുണ്ടാവും.

ഇടവേളയ്ക്കു ശേഷം തുടരുന്നു

നീണ്ട ഒരിടവേളയ്ക്ക്കു ശേഷമാണ് ഈ എഴുത്ത്. ഈയരക്കൊല്ലംകൊണ്ട് ജീവിതത്തിൽ നിർണായകമായ മാറ്റങ്ങളുണ്ടായി. വിവാഹം, ഭാര്യയുടെയും പെങ്ങളുടെയും ഗൾഫ് സന്ദർശനം, എം.ബി.എ, ഡിജിറ്റൽ മാർക്കറ്റിങ് പഠനപൂർത്തീകരണം അങ്ങനെ ഒത്തിരി വ്യക്തിപരമായ സന്തോഷങ്ങൾ. സന്തോഷങ്ങൾക്കൊപ്പം മനസ്സിനെയലട്ടുന്ന പ്രശ്നങ്ങളും കൂടെവന്നു. സന്തോഷങ്ങൾ മാത്രം പങ്കുവയ്ക്കപ്പെടണമെന്നു കരുതുന്പോഴും ചില സന്താപങ്ങൾ അറിയിക്കേണ്ടതുണ്ടെന്നു മനസ്സാഗ്രഹിക്കുന്നു.

ജീവിതം ഒഴുകിക്കൊണ്ടിരിക്കുന്നതിനിടയിൽ, നഷ്ടങ്ങളേറെയുണ്ടായിട്ടുണ്ട്. അതിലേറെയും സൌഹൃദങ്ങളുടേതാണ്. ഗൾഫുകാരനായതിനു ശേഷം, പ്രത്യേകിച്ചും ഇരട്ട ഷിഫ്റ്റ് ജോലിക്കാരനായതിനാൽ, സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിക്കാനാവുന്നില്ല. സ്വയംതീർത്ത തിരക്കുകൾക്ക് ന്യായീകരണമില്ലെങ്കിലും വാട്ട്സ് ആപ്പ് പോലുള്ളവയുടെ സഹായംകൊണ്ട് ചില സൌഹൃദങ്ങളൊക്കെ പൊടിതട്ടി മുന്നോട്ടുകൊണ്ടുപോവുന്നുണ്ട്. ഈയിടെ ഇൻസ്റ്റാഗ്രാമിൽ അക്കൌണ്ട് തുറന്നു. ഫെയ്സ് ബുക്കിലൂടെയും മെയിലിലൂടെയോ ഒരു ബന്ധവുമില്ലാതിരുന്ന പഴയ സഹപാഠി ഇന്നലെ വന്ന് ഫോളോ ചെയ്തിരിക്കുന്നു. നഷ്ടപ്പെട്ടുപോയെന്നു കരുതിയ ആ സൌഹൃദം മൊബൈൽഫോൺ വഴി തിരിച്ചുകിട്ടിയത് ശരിക്കുമൊരു ഷോക്കായി. എം.ഡി ഡോക്ടറായ സുഹൃത്തിനെ എന്റെ വിവാഹത്തിനു വിളിച്ചിരുന്നെങ്കിലും തിരക്കുകാരണം കക്ഷി എത്തിയിരുന്നില്ല. അടുപ്പമുള്ള പല സുഹൃത്തുക്കളെയും വിളിച്ചിരുന്നെങ്കിലും ഒരു ബാല്യകാല സുഹൃത്തുമാത്രമാണ് കല്യാണത്തിനെത്തിയത്.

ഇനി കാര്യത്തിലേക്കു കടക്കാം. എന്റെ വിവാഹം ലളിതമായിട്ടാണു നടന്നത്. പലവിധ കാരണങ്ങളാൽ എല്ലാവരെയും ക്ഷണിക്കാൻ കഴിഞ്ഞില്ല. ആ കാരണങ്ങൾ കൊണ്ടുതന്നെ കുടുംബത്തിൽപ്പോലും പൊട്ടലും ചീറ്റലുകളുമുണ്ടായി. വിളിക്കാത്ത ഒട്ടനവധി പേരിൽ ഗുരുവര്യന്മാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ അങ്ങനെ ഒട്ടനവധി. അവരോടൊക്കെ പറയാനുള്ളത് ഇതാണ്:

വിവാഹം ഒന്നേയുള്ളൂവെന്നറിയുമായിരുന്നിട്ടും എല്ലാവരെയും ക്ഷണിക്കാതിരിക്കാൻ എനിക്കു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. നന്ദിയുണ്ട്, എന്നെങ്കിലും എവിടെവച്ചെങ്കിലും കണ്ടാൽ മുഖംതിരിച്ചുകളയാതിരിക്കാൻ.

വീടുവിട്ടിറങ്ങുന്ന കുഞ്ഞുങ്ങൾ

വൈകീട്ട് ജോലിക്കു കയറാൻ ധൃതിയിലോടുന്നു. ഇടവഴിയിലൂടെ റോഡിലിറങ്ങി മുന്നോട്ടുനീങ്ങുന്പോഴാണതു കണ്ടത്. രണ്ടോ മൂന്നോ വയസ്സുതോന്നിക്കുന്ന പെൺകുഞ്ഞ് തിരക്കുകൂടിയ റോഡിലേക്കിറങ്ങുന്നു. ഒരുനിമിഷം ചുറ്റും നോക്കി.
''യാ അല്ലാഹ്, ആരെയും കാണുന്നില്ലല്ലോ.''
ഓടിച്ചെന്ന് അതിനെ പൊക്കിയെടുത്ത് നടപ്പാതയിലേക്കു കയറ്റി. വീണ്ടും നോക്കിയിട്ടും ആരെയും കണ്ടില്ല.

അറിയാവുന്ന ഭാഷയിലൊക്കെ കുഞ്ഞിനോട് അമ്മയെവിടെ, വീടെവിടെ എന്നൊക്കെ ചോദിച്ചു. കുട്ടിക്ക് ഭാവഭേദമൊന്നുമില്ല. കുട്ടിയെ സമീപത്തെ വില്ലയുടെ  മതിലിനരികിലേക്ക് നിർത്തി ഉള്ളിലേക്കോടി. വാതിലിൽ മുട്ടി. ആരെയും കാണാതിരുന്നപ്പോൾ കോളിങ് ബെല്ലുമടിച്ചു. വീട്ടുവേലക്കാരിയും കൊച്ചുബാലനും പുറത്തുവന്നു. കുട്ടി അവരുടേതാണോയെന്ന് ഹിന്ദിയിൽ ചോദിച്ചു. അല്ലെന്നു മറുപടി. എന്നാലൊന്നു കൂടെവരാമോ, അയൽവാസിക്കുട്ടിയാണോയെന്ന് നോക്കാമോയെന്ന് ചോദിച്ചു. നല്ലവരായ അവർ കൂടെവന്നു. കുട്ടി വീണ്ടും റോഡിലേക്കിറങ്ങാൻ മിനക്കെടുന്നതാണപ്പോൾ കണ്ടത്. അവരോട് കുഞ്ഞിനെയെടുക്കാൻ പറഞ്ഞു. കൊച്ചുബാലൻ സ്മാർട്ടായി ചോദ്യങ്ങൾ ചോദിച്ചിട്ടും പെൺകുഞ്ഞ് പ്രതികരിച്ചില്ല. ആളുകൂടിയപ്പോൾ അവൾ കരയാൻ തുടങ്ങി. ഉടനെ അതുവരെ കാഴ്ചക്കാരനായി നിന്ന ഒരു ഡ്രൈവറെത്തി. നേരത്തേ, ഈ കുഞ്ഞിന്റെ എട്ടോ ഒന്പതോ പ്രായംതോന്നിക്കുന്ന സഹോദരി റോഡരികിൽ നിർത്തിപ്പോയതു കണ്ടെന്നു മാന്യന്റെ മറുപടി. പിന്നെ, കുഞ്ഞിന്റെ ബന്ധുക്കളെ കാണാനുള്ള ഓട്ടമായി. ഏകദേശം 10 മിനിറ്റിനുശേഷം ദൂരെനിന്ന് സ്ത്രീയും ആണ്‍കുട്ടിയും വരുന്നതുകണ്ടു. ആർത്തുവിളിച്ചു ചോദിച്ചപ്പോൾ മനസ്സിലായി- കുഞ്ഞിന്റെ സ്വന്തക്കാർ തന്നെ. ശ്രീലങ്കക്കാരിയായ വീട്ടുവേലക്കാരിയോടും കൊച്ചുബാലനോടും നന്ദി പറഞ്ഞ് ഞാൻ ജോലിസ് ഥലത്തേക്ക് മടങ്ങി.

അനുഭവം- മുന്പൊരിക്കൽ ക്ലിനിക്കിൽ ദുബായ് പോലിസിന്റെ സി.ഐ.ഡികളെത്തി , കാണാതായൊരു അറബിപ്പെൺകുഞ്ഞിന്റെ പടം കാണിച്ചതോർക്കുന്നു. മുന്പ് രോഗിയായി കുട്ടികളുടെ ഡോക്ടറെ കാണാനെത്തിയ ആ കുഞ്ഞിനെ ആരെങ്കിലും എവിടെയെങ്കിലും കണ്ടോയെന്ന് പോലിസ് ആരാഞ്ഞിരുന്നു. അതിനെ തിരികെ ലഭിച്ചോയെന്നറിയില്ല. ഈ കുഞ്ഞിനെക്കണ്ടപ്പോൾ ആദ്യമോർത്തതാണ്. അശ്രദ്ധതരുന്നത് തീരാദുഃഖമാവുമെന്ന് മാതാപിതാക്കൾ മനസ്സിലാക്കിയിരുന്നെങ്കിൽ!

ജനുവരി ഒരു ഓർമ തന്നെ

പുതുവർഷത്തെ ആദ്യ ശനിയാഴ്ച. ജോലിസ് ഥലത്തുതന്നെയുള്ള താൽക്കാലിക സംവിധാനത്തിൽ വാസം. പുലർച്ചെ ഉറക്കത്തിനിടെ ആരോ താഴത്തെ നിലയിലെ വാതിലിൽ ശക്തമായി ഇടിക്കുന്നതായി തോന്നി. കാര്യമാക്കിയില്ല. കാരണം, തൊട്ടടുത്ത സ് ഥാപനം പുതുക്കിപ്പണിയുന്നതിനാൽ അതിന്റെ ശബ്ദമായിരിക്കുമെന്നു കരുതി. പിറ്റേന്ന് പുലർച്ചെ സുബ്ഹിനമസ്കാരത്തിനും എണീക്കാനായില്ല. ഏഴുമണിയോടെ കുളിച്ചൊരുങ്ങുന്നതിനിടെ, സഹപ്രവർത്തകന്റെ കോൾ.
''ടാ, പുറത്തിറങ്ങെടാ, മെയിൻഡോർ ആരോ കുത്തിപ്പൊളിച്ചിരിക്കുന്നു. താഴത്തെ വിൻഡോ തുറന്നു പുറത്തേക്കുവാ''-
എന്താണെന്നു സംഭവിച്ചതെന്നറിയാൻ പിന്നെയും സമയമെടുത്തു. കവർച്ച തന്നെ. എം.ഡിയെയും ഓഫീസ് മാനേജറെയും ഒടുവിൽ പോലിസിനെയും വിവരമറിയിച്ചു. പോലിസെത്തി തെളിവെടുത്തു. നഷ്ടം വിലയിരുത്തി തെളിവെടുപ്പവസാനിപ്പിച്ചപ്പോൾ പന്ത്രണ്ടായി. സി.സി.ടി.വി കാമറാദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഞെട്ടിത്തരിച്ചുപോയി. കവർച്ചക്കാർ യുവാക്കളായ സ്വദേശികളാണ്. മുഖംമൂടിയും കൈയുറയും ധരിച്ചെത്തിയ രണ്ടു യുവാക്കൾ. ഇരുപത്തഞ്ചുവയസ്സു തോന്നിക്കും. രണ്ടുപേരുടെയും കൈകളിൽ വെട്ടിത്തിളങ്ങുന്ന കഠാരകളും. (അന്വേഷണം നടക്കുന്നതിനാൽ കള്ളന്മാരെക്കുറിച്ചൊന്നും പറയുന്നില്ല). രാത്രി ഉറങ്ങുന്നതിനിടെ, ശബ്ദംകേട്ട് പുറത്തിറങ്ങി വന്നിരുന്നെങ്കിൽ ഉണ്ടാവുമായിരുന്ന ദുരന്തമാലോചിച്ച് ദൈവംതന്പുരാന് നന്ദിപറഞ്ഞ് നെടുവീർപ്പിട്ടു ഞാൻ. അന്നത്തോടെ ഒറ്റയ്ക്കുള്ള താമസം മതിയാക്കാൻ എം.ഡിയുടെ ഓർഡർ. രായ്ക്കുരാമാനം പുതിയ താമസസ് ഥലത്തേക്കു മാറി. മരണത്തിലേക്കുള്ള ദൂരമളക്കാൻ ദൈവത്തിന്റെ പരീക്ഷണമായിരുന്നു അത്. അന്നു രാത്രിയിട്ട ഫെയ്സ് ബുക്ക് സ്റ്റാറ്റസാണു താഴെ. സുഹൃത്തുക്കൾ പോട്ടെ, വീട്ടുകാർക്കു പോലും കാര്യമറിയില്ലായിരുന്നു. ചത്ത വാർത്തയ്ക്ക് പ്രാധാന്യമില്ലാത്തതിനാലാണ് ഇപ്പോളീ സത്യമെഴുത്ത്. അന്നിട്ട സ്റ്റാറ്റസെന്താണെന്നു പോലും മനസ്സിലാവാത്തവരുണ്ടായിരുന്നു. ഇനിയതിവിടെ വായിക്കാം. :)


മരണത്തിന്റെ വാതിൽ
അടച്ചുവച്ചിരുന്നു,
എന്നെ
വിട്ടുപോവാൻ
ജീവനുമടി.
ഒറ്റരാത്രികൊണ്ടാണ്-
ജീവിതം
മാറിമറിഞ്ഞത്.
എത്രയടുത്താണതെന്ന്-
കൊതിപ്പിക്കുന്പോഴും,
മരണവും
അത്രയടുത്താണെന്ന്
അതേരാത്രിയാൽ-
ബോധ്യമായി.

മരണത്തെപ്പേടിയില്ല,
എന്നാലും-
നന്നായിമരിക്കണം,
അതിനായി
കൂടുമാറുന്നു,
പുതിയ മേൽക്കൂര,
പുതിയ ആകാശം,
എന്നിട്ടും,
ജീവിതം-
പഴയതുതന്നെ
പാരിൽ.

(ചുറ്റുപാടിനുമുള്ള കരുതലും സ്നേഹവും പ്രാർഥനയും സഫലമായൊരു പുലർവേളയിൽ മനസ്സിൽക്കുറിച്ചത്)
 — feeling safe

വിശ്വാസ്യതയെന്ന മാധ്യമമേലങ്കി

ദുബായിയിൽ സ്വകാര്യസന്ദർശനത്തിനായി തിരിച്ച കേരള മന്ത്രി ദേഹാസ്വാസ് ഥ്യം കാരണം ക്ലിനിക്കിൽ സന്ദർശനത്തിനെത്തി. സന്ദർശനം കഴിഞ്ഞു മടങ്ങുംമുന്പ് അദ്ദേഹത്തിന്റെ കൂടെ നിന്ന് ഡോക്ടർമാരും മറ്റും പടമെടുത്തു. മന്ത്രിയുടെ വരവ് വാർത്തയാക്കണമെന്നായി മാനേജ്മെന്റ്. സന്ദർശനം മാത്രമായി വാർത്ത നൽകിയാൽ പത്രങ്ങളിൽ വരില്ലെന്ന് ഉറപ്പായിരുന്നു. 'ദേഹാസ്വാസ് ഥ്യം, മന്ത്രി ദുബൈയിൽ ചികിൽസ തേടി' എന്ന വാർത്തയ്ക്ക് നല്ല സ്കോപ്പുണ്ടെന്ന് സഹപ്രവർത്തകനോട് തമാശരൂപേണ പറഞ്ഞു. ക്ലിനിക് മാനേജ്മെന്റിനെ വിശ്വസിച്ച് നെബുലൈസേഷനെത്തിയ മന്ത്രിയുടെ അനുമതി കൂടാതെ വാർത്ത കൊടുക്കുന്നത് തെറ്റാണെന്ന് അദ്ദേഹത്തിന്റെ പക്വമായ പ്രതികരണം.

ഏതായാലും, വരില്ലെന്ന് ഉറപ്പുണ്ടായിട്ടും മന്ത്രി ക്ലിനിക് സന്ദർശിച്ചെന്ന വാർത്ത വാണിജ്യതാൽപ്പര്യം മുൻനിർത്തി പത്രലേഖകർക്ക് അയച്ചു. മന്ത്രി വീണ്ടും ക്ലിനിക്കിൽവന്നു. കുറെ പേർ വീണ്ടും പടങ്ങളൊക്കെയെടുത്തു. എന്നാൽ, വാർത്ത മാത്രം പത്രങ്ങളിൽ വന്നില്ല.

പറയാനുദ്ദേശിച്ചത്, ചെറിയൊരു സംഭവത്തെ എങ്ങനെ വലിയൊരു വാർത്തയാക്കാമെന്നാണ് പുതിയ മാധ്യമലോകം പഠിപ്പിക്കുന്നത് എന്നാണ്. ആ ചിന്തമൂലമാണ് മന്ത്രിയുടെ രോഗവാർത്തയ്ക്കാണ് വാണിജ്യമൂല്യമെന്ന് ആദ്യം മനസ്സുപറഞ്ഞത്. മാധ്യമങ്ങളിൽ എന്തു വാർത്ത വരണം, എന്തു വേണ്ട എന്ന് തീരുമാനിക്കുന്നതും മാധ്യമപ്രവർത്തകർ തന്നെ. വായനക്കാർക്ക് എന്തു വിളന്പണമെന്ന കാര്യത്തിൽപ്പോലും മാധ്യമങ്ങളിൽ ഏകോപനമുണ്ട്. ചെറുതിനെ വലുതാക്കുന്നതു മൂലം ഈ ലോകം എത്ര വേഗമാണ് ചെറുതായിപ്പോവുന്നത്!! ഇതിനിടെ, കാണാതെ പോവുന്ന വലിയകാര്യങ്ങളെത്ര കാണും?!

മാറ്റച്ചിന്ത: മാറിച്ചിന്തിക്കുന്നവയെ നാം ബദൽമാധ്യമങ്ങളെന്നു പറയും. ഹൈജാക്കിനു വഴങ്ങാത്ത ബദലുകൾ ഇനിയധികമില്ലെന്നതാണ് നമ്മുടെ പ്രശ്നം. ബദലുകൾ പോലും ജീർണിച്ചുതുടങ്ങിയെന്നതിനു തെളിവാണ് ഓൺലൈൻ മാധ്യമങ്ങളും അവയിലിപ്പോൾ 'സംഭവിക്കുന്ന' വാർത്തകളും.

മാധ്യമസ്വാതന്ത്ര്യമെന്ന മിഥ്യ


വർത്തമാനമെന്ന പേരിലൊരു മാസിക (ദിനപത്രമിറങ്ങുംമുന്പേ) പുറത്തിറക്കാനായി ആർ.എൻ.ഐ രജിസ്ട്രേഷന് അപേക്ഷിച്ചു. പോലിസ് വെരിഫിക്കേഷനും കഴിഞ്ഞ് മലപ്പുറം എ.ഡി.എം കൂടിക്കാഴ്ചയ്ക്കായി വിളിച്ചു. സലാഹുദ്ദീനെന്ന പേരിനെപ്പറ്റി ചോദിച്ചുതുടങ്ങിയ അദ്ദേഹം, തീവ്രവാദപ്രവർത്തനങ്ങളിലൊന്നും ഏർപ്പെടരുതെന്നും 'സാമൂഹികവിരുദ്ധ' ആശയങ്ങൾ പ്രചരിപ്പിക്കരുതെന്നും 'മുന്നറിയിപ്പു' നൽകി എന്നെ വിട്ടു. ശേഷം ആ പേരിലൊരു ദിനപത്രം പുറത്തിറങ്ങുംവരെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും (നിർദേശിച്ച) പേരിന് രജിസ് ട്രേഷൻ കിട്ടിയില്ല. പൈലറ്റ് എഡിഷനോടെ മാസിക ഞാൻ നിർത്തി. ഞാൻ, തീവ്രവാദിയായേക്കുമോയെന്ന ഭയത്താലാവും പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചത്. ദേശസുരക്ഷാകാര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും 'വലിയ' പങ്കുവഹിക്കാനാവുമെന്ന് തേജസ് ദിനപത്രത്തിനെതിരേയുള്ള പുതിയ ഭരണകൂട(?)നീക്കം വെളിവാക്കുന്നു.

പോപ്പുലർഫ്രണ്ടിന്റെ പ്രവർത്തനരീതിയെപ്പറ്റി തൊഴിലഭിമുഖത്തിൽത്തന്നെ തുറന്ന അഭിപ്രായവ്യത്യാസം പ്രഖ്യാപിക്കുകയും ജനാധിപത്യമാർഗത്തിൽ പുറത്തിറങ്ങുന്ന അവരുടെ പത്രത്തിൽ ജോലിക്കുകയറുകയും ചെയ്തയാളാണു ഞാൻ. മലയാളത്തിൽ മറ്റു മുസ് ലിം പത്രങ്ങളേക്കാൾ മുന്പേ ഏറ്റവുമധികം വനിതാമാധ്യമപ്രവർത്തകരെയും അമുസ്ലിം-അവർണ പത്രപ്രവർത്തകരെയും ജോലിക്കുകയറ്റിയ പത്രമാണത്. വാർത്തകളിൽ പക്ഷപാതിത്വം കാണിക്കുന്പോൾത്തന്നെ, ദുർബലരുടെ പ്രശ്നങ്ങൾ തുറന്നെഴുതാൻ അവർ മടികാണിച്ചിട്ടില്ല. ഇന്നതേ എഴുതാവൂവെന്ന് പത്രാധിപസമിതിയോ മാനേജ്മെന്റോ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നുമില്ല. വാർത്താകേന്ദ്രങ്ങളിൽനിന്ന് വ്യക്തമായ പാർശ്വവൽക്കരണം അനുഭവിച്ചുകൊണ്ടിരിക്കെത്തന്നെ മികച്ച വാർത്തകളും പത്രപ്രവർത്തകരും തേജസിൽ പിറവികൊണ്ടതും ശ്രദ്ധേയമാണ്.

ദേശീയത, ജനാധിപത്യം, മതേതരത്വം എന്നീ വിഷയങ്ങളിലൊക്കെ വ്യത്യസ്ത നിലപാടുകൾ പുലർത്താൻ ഇന്ത്യ തന്ന സ്വാതന്ത്ര്യമാണ് സർക്കാരും ആഭ്യന്തരവകുപ്പും ഇല്ലാതാക്കുന്നത്. അക്രമങ്ങളെയും അനീതിയെയും പ്രോൽസാഹിപ്പിക്കുകയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ നിയമത്തിന്റെയും ജനാധിപത്യരീതിയിലുമാണ് നേരിടേണ്ടത്. ഒരുവിഭാഗത്തെ എങ്ങനെ ജനാധിപത്യവിരുദ്ധരാക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ പത്രമാരണ നീക്കത്തിലൂടെ പുറത്തുവരുന്നത്.

ആശ: ഇ-മെയിൽ കേസിൽ മാധ്യമം പത്രത്തിനെതിരേയുള്ള നടപടിയെന്തായിയെന്നു അറിയാനാഗ്രഹമുണ്ട്. ഏതായാലും, മാധ്യമങ്ങളിലെ മതേതര-ദേശീയ സഹജീവികൾക്ക് ദേശസ്നേഹത്തിന്റെ നെറ്റിപ്പട്ടംകെട്ടി നിർഭയം നിരന്തരം ചിന്നംവിളിക്കാനുള്ള സമയമാണിപ്പോൾ.

'ഇറക്കുമതി' ചെയ്ത കാൽപ്പന്തുകളിക്കാരൻ

ഇന്നു പറയാനുള്ളത് പഴയൊരോർമയാണ്. ആനക്കയത്തെ ഉമ്മയുടെ വീട്ടിൽ വിരുന്നുപാർക്കാൻ പോയതാണ്. നാട്ടിലെ പാറപ്പുറത്ത് ക്രിക്കറ്റും ഫുട്ബോളും കളിച്ച പരിചയം. സമയംപോക്കാൻ ഉമ്മയുടെ അയൽവാസിച്ചെക്കൻറെയും ബന്ധുവിൻറെയും കൂടെ പുറത്തിറങ്ങി.  അങ്ങാടിയിലെത്തിയപ്പോൾ സമപ്രായക്കാരുടെ ചെറുകൂട്ടം ഫുട്ബോളുമായി നിൽക്കുന്നു. ഏതോ ടൂർണമെന്റിൽ സെമിഫൈനലിന് മൽസരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ടീമിലുണ്ടായിരുന്ന ഒരാളെ കാണാനില്ല. താമസിയാതെ, ചേറൂരുകാരനായ എന്നെ 'ചേറൂരെ'ന്ന് നാമകരണം ചെയ്ത് ടീമിലെടുത്തു. കൂടെവന്ന ചങ്ങാതിമാരുടെ വക 'ഇവൻ നല്ല കളിക്കാരനാണ്' എന്ന സെർട്ടിഫിക്കറ്റുംകൂടിയായതോടെ എന്റെ തല ഫുട്ബോൾ പോലെ കനത്തു('ഉത്തരവാദിത്തബോധ'മാണേ, തലക്കനമല്ല).

ബസ്സുകയറി ടീം മങ്കടയിലെ കളിസ് ഥലത്തേക്ക്. ജഴ്സിയില്ല. അനൌൺസ്മെന്റും ആൾക്കൂട്ടവും പാടത്തെ ഗ്രൌണ്ടും കണ്ടതോടെ എനിക്കാവേശമായി. ഫോർവേഡായാണ് എന്നെ നിർത്തിയത്. 'ചേറൂരി'ൽ നിന്ന് 'ഇറക്കുമതി' ചെയ്ത കളിക്കാരനെ കണ്ട് എതിർടീമംഗങ്ങൾ അടക്കംപറയുന്നില്ലേയെന്ന് ഒരുവേള എനിക്കുതോന്നി. വർധിച്ച ആത്മവിശ്വാസത്തോടെ, പന്തുംനോക്കി, പത്തുഗോളുകൾ ഒറ്റയടിക്കടിക്ക് വലയിലാക്കാനുള്ള ചുറുചുറുക്കോടെ ഞാൻ കളത്തിലേക്ക്. വിസിലടിച്ചു. ജഴ്സിയൊക്കെയണിഞ്ഞ് തികഞ്ഞ പ്രഫഷനലുകളായ എതിരാളികൾക്കൊപ്പം ഓടിയെത്താൻ ഞാനും പങ്കാളികളും ഏറെ വിഷമിച്ചു. പന്തുകിട്ടിയില്ലെങ്കിൽ വേണ്ടായിരുന്നു; ഒപ്പം ഓടിയെത്താനനുവദിക്കാനുള്ള സന്മനസ്സുപോലും ആ പഹയൻമാർക്കുണ്ടായിരുന്നില്ല. ടീമിനെ ഗ്രസിച്ച അമിതാത്മവിശ്വാസത്തിനുമേൽ (ഓർമ ശരിയാണെങ്കിൽ) ആറോ ഏഴോ ഗോളുമടിച്ചാണ് അവർ കളിയവസാനിപ്പിച്ചത്. എന്നാലും, എന്നാലാവുംവിധം കളിച്ചുവെന്നു ഞാൻ ആശ്വസിച്ചു. ആരും പരസ്പരമൊന്നും പറയാതെ ബസ്സുകയറി ഉമ്മയുടെ നാട്ടിലേക്കുതന്നെ മടക്കം. കളിക്കാനായി വരുന്നവഴി, കടയിൽക്കയറി കുടിച്ച സോഡാസർബത്തും പഴവും ആവിയായിപ്പോയി വയറുകത്താൻ തുടങ്ങിയിരുന്നു. എന്തോ, സെമിയിൽ തോറ്റ ടീമിൻറെ വാടകക്കളിക്കാരനെ ഏതായാലും ആ നാട്ടുകാർ കൂവിവിളിച്ചില്ല.

ഫൈനൽവിസിൽ: ബൂട്ടിട്ട് കളിക്കാനിറങ്ങിയവരാണ് എതിരാളികളെന്നു മനസ്സിലായത് കാലിന് രണ്ടോ മൂന്നോ ഗമണ്ടൻ ചവിട്ടേറ്റപ്പോഴാണ്. അന്യനാട്ടിൽനിന്ന് കളിക്കാനിറക്കിയതുകൊണ്ടാണെന്നു തോന്നുന്നു; റഫറി മൂന്നുപ്രാവശ്യവും വിസിലൂതി. എന്നാൽ കിട്ടിയ അവസരമൊന്നും മുതലാക്കാനാവാതെ, ആ ടീമിന്റെ തോൽവിക്കു സാക്ഷ്യംവഹിക്കാനായിരുന്നു നിയോഗം. എന്തായാലും, ഉമ്മയുടെ നാട്ടിൽപ്പോയി തോറ്റുവന്നെന്ന പേരുദോശം ഞാൻതന്നെ മാറ്റി. ഒരു നബിദിനത്തിന് ആ നാട്ടിലെ പൊതുവേദിയിൽ അസ്സലൊരു മാപ്പിളഗാനം പാടിക്കൊണ്ടായിരുന്നു അത്. അങ്ങനെ ഞാനൊരു പാട്ടുകാരനുമായി. :)

Popular Posts